>

Sunday, 13 October 2013

മേലാറ്റൂര്‍ ചരിത്രം
      മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിന്‍റെ വടക്കു കിഴക്കാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മേലാറ്റൂര്‍ ആദ്യക്കാലത്ത് വെള്ളാറ്റൂര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വെള്ളാട്ടിരിയുടെ അഥവാ വെള്ളുവ കൊനാതിരിയുടെ ഊര്. പിന്നീട് അത് മേലാറ്റൂരായി.
           വെള്ളിയാര് എന്ന ആറിന്‍റെ മേലേയുള്ള ഊര് എന്ന അര്‍ത്ഥത്തിലാണ് മേലാറ്റൂര്‍ എന്ന പേര് രൂപപ്പെട്ടത്. പണ്ട് ഈ സ്ഥലം പാലക്കാട്‌ ജില്ലയില്‍ പെട്ടതായിരുന്നു. 1969ല്‍ മലപ്പുറം ജില്ലാ രൂപവത്കരനത്തോടെ മേലാറൂര്‍ പുതിയ ജില്ലയില്‍ ഉള്‍പ്പെട്ടു. മേലാറ്റൂര്‍ പഞ്ചായത്ത് 1-1-1962ല്‍ നിലവില്‍ വന്നു. കെ.കെ ഏറാടിയായിരുന്നു പ്രഥമ പ്രസിഡന്‍റ്. വേങ്ങൂര്‍, ചെമ്മാണിയോട്, വലിയപ്പറമ്പ്, ഉച്ചാരക്കടവ്, അത്താണി, പുല്ലിക്കുത്ത്, ചോലക്കുളം, എടയറ്റൂര്‍, മനഴി, ഒലിപ്പുഴ എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലാണ്.
               19-)o നൂറ്റാണ്ടില്‍ ഇവിടെ നടന്നിരുന്ന കലാപങ്ങളെ കുറിച്ച് മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍റെ മലബാര്‍ മന്വലില്‍ (1887) രേഖപ്പെടുത്തിയിട്ടുണ്ട്. 1921ല്‍ നടന്ന മലബാര്‍ കലാപം ഇവിടേയും നടന്നിരുന്നു. അതെല്ലാം പോയ കാലത്തിന്‍റെ ദുരന്ത സ്മരണകള്‍ മാത്രം. എന്നാല്‍ ഇന്ന്‍ മത സൗഹാര്‍ദത്തിന്‍റെ പ്രതീകമാണ്‌ മേലാറൂര്‍. അതിന്‍റെ ഉത്തമ മുദ്രയാണ് അടുത്തടുത്തുള്ള ടൗണ്‍ ജുമാ മസ്ജിദും, ആറ്റുതൃക്കോവില്‍ ശിവ ക്ഷേത്രവും. ഇവിടെ അധികവും ഹിന്ദുക്കളും, മുസ്‌ലിംകളുമാണ്. കൃസ്ത്യാനികള്‍ പൊതുവേ കുറവാണ്.
             ഇരുപതുകളില്‍ നിലമ്പൂര്‍ റയില്‍പാത നിര്‍മാണത്തിന് വന്ന ഫറോക്കുകാരനായ പെരച്ചന്‍ മേസ്തിരി തുടങ്ങിയ ഓട്ടുകമ്പനിയാണ് ആദ്യത്തെ വ്യവസായ സംരംഭം. 1927ല്‍ റയില്‍ ഗതാഗതവും, 1930ല്‍ ബസ്സ്‌ ഓട്ടവും തുടങ്ങി. അന്നു വന പ്രദേശമായിരുന്ന ഇവിടെ റോഡുകള്‍ വികസിച്ച് വരികയായിരുന്നു. പ്രധാന വാഹനം കാള വണ്ടിയായിരുന്നു. തമിഴ് സംഗീത നാടകങ്ങള്‍ പലതും അരങ്ങേറിയിരുന്നു. വെള്ളരി നാടകങ്ങളും തുടര്‍ന്ന് പലതും അവതരിക്കപ്പെട്ടു.
    എ.ഡി 1000-1792 കാലമത്രയും വെള്ളുവ കേനതിരിയുടെ കീഴിലായിരുന്നു ഈ ഭൂമിഭാകം. ക്ഷേതങ്ങളും, മസ്ജിദുകലും കൊണ്ട് സമ്പന്നമാണ് ഈ നാട്. ആറ്റുതൃക്കോവില്‍ ശിവക്ഷേത്രം പൂതറമണ്ണ (സ്വയംഭൂ) ശിവക്ഷേത്രം, ഞാറക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, കൈപ്പുള്ളി, പുതിയേടത്ത്, പഴയിടം കാരാപ്പുള്ളി, ശ്രീ സുബ്രഹ്മണ്യ കോവില്‍ തോട്ടക്കാട് തുടങ്ങിയ ആരാധനാലയങ്ങള്‍ പ്രസിദ്ധമാണ്. ഇവിടെ പെരുന്നാളും ഓണവും ക്രിസ്തുമസും കൂട്ടായ്മയോടെ ആഘോഷിക്കുന്നു.
                  സാഹിത്യം, സംഗീതം, നൃത്തം, കോല്‍ക്കളി, ചലച്ചിത്രം, പരിജമുട്ടുക്കളി, ചിത്രം വര, പുള്ളുവന്‍ പാട്ട്, തിറ, പൂതം, കളമെഴുത്ത്, നടന്‍ പാട്ട്, അഭിനയം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ മേലറ്റൂറിന്‍റെ പ്രശസ്തി ഉയര്‍ത്തുന്നു. കായിക രംഗം ഫുട്ബോള്‍ മാമാങ്കവും ഈ നാടിന്‍റെ സ്ഥിരം കാഴ്ചയാണ്.
       കൃഷിയിടങ്ങളില്‍ പലതും കെട്ടിടങ്ങള്‍ക്കും റബ്ബര്‍, വാഴ,കപ്പ,തെങ്ങ്, കവുങ്ങ്, കശുമാവ്, തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുത്തു. പ്രശസ്ത കവി പൂന്താനത്തിന്‍റെ ഇല്ലം സ്ഥിതി ചെയ്യുന്നത് അടുത്തുള്ള കീഴാറ്റൂര്‍ പഞ്ചായത്തിലാണ്. മതപണ്ഡിതനെന്ന നിലയില്‍ കേരളക്കരയൊട്ടാകെ അറിയപ്പെടുന്ന പരേതനായ നാട്ടിക വി.മൂസ മൗലവിയുടെ വീട് മേലാറ്റൂരിലെ എടയാറ്റൂരിലാണ്. വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ ഭ്രുതചലനങ്ങളും ഒരു മണിക്കൂര്‍ ഇടവിട്ട് കൂവി പായുന്ന തീവണ്ടികളുടെയും ശബ്ദതരംഗമാണ് മേലാറ്റൂരിന്‍റെ താളം.

2 comments:

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.