>

Wednesday, 15 January 2014

കഥ: പൊരുത്തം

രചന: ഷാജി മേലാറ്റൂര്‍, ബുറൈദ - സൗദി അറേബ്യ

              "വിവിധ ധ്രുവങ്ങളില്‍ രണ്ട് മരങ്ങളായി നാം തളിര്‍ത്ത് നില്‍ക്കുകയായിരുന്നു. ഇന്ന് മുതല്‍ നമ്മള്‍ക്കൊരു ചില്ല മാത്രം. ഒരൊറ്റ കാണ്ഡം മാത്രം. വേരുകളും അടിവേരുകളുമതെ. ഒരൊറ്റ ആകാശത്തേക്ക് നാം പൂത്ത് നില്‍ക്കും."
               വല്ലാത്തൊരു ഉള്‍പുളകത്തോടെയാണ്
അങ്ങിനെയൊക്കെ ആരംഭിച്ചത്. അവളും അയാളുടെ വാക്കുകളില്‍ വിസ്മയം പൂണ്ട് പുതുമോടിയില്‍ സ്വയം മറന്നിരുന്നു. എങ്കിലും നിഗൂഡമായൊരാനന്ദം തനിക്കുള്ളില്‍ തിര മറിയുന്നില്ലേ എന്നവള്‍ ആകുലപ്പെട്ടു!
              - തരക്കേടില്ലല്ലോ തന്‍റെ പുതുമാരന്‍. വാചകക്കസര്‍ത്തില്‍ ആരും തോററ്റു പോകും.
              "അതിനാല്‍................!"
              പെട്ടൊന്നരര്‍ദ്ധവിരാമാമിട്ടു അയാള്‍. ചൂടുയരുന്ന പാല്‍ഗ്ലാസ്സിലേക്ക്‌ നീണ്ട കൈകള്‍ തെല്ലൊരു ചോടിപ്പോടെ അവള്‍ പിന്‍മടക്കി.
             "അതിനാല്‍ നമ്മുടെ കിളിവാതിലിനപ്പുറത്ത് പതഞ്ഞൊഴുകുന്ന ഈ കന്നിനിലാവ് തൊട്ട് നമുക്കിരുവര്‍ക്കുമിടയില്‍ മറച്ചുവെക്കാന്‍ യാതൊരു രഹസ്യങ്ങളുമില്ല. അതുകൊണ്ട്..."
             അയാളുടെ കൈവിരലുകള്‍ തലയുടെ മൂര്‍ദ്ധാവിലൂടെ ഒരു ധ്രുതചലനമുണ്ടാക്കി. മിന്നായം പോലെ ഒരു കറുത്ത മുടിക്കെട്ടതാ മേശപ്പുറത്തേക്ക് വീഴുന്നു! തരിശുനിലം പോലത്തെ അയാളുടെ മിന്നുന്ന മൊട്ടത്തലയിലേക്ക് നോക്കി അവള്‍ അന്ധാളിച്ചുനിന്നു.
            "എന്നോട് ക്ഷമിക്കണം. ഈ വിഗ്ഗും ചുമന്നാണ് നിന്നെ കാണാന്‍ വന്നതോര്‍ക്കുമ്പോള്‍........."
            അയാള്‍ നിരുദ്ധകണ്ഠനായി. കൃത്രിമമായ ഈ കുറ്റബോധം അയാള്‍ക്കൊട്ടും അലങ്കാരമല്ലെന്ന് അവള്‍ക്കു തോന്നിയ നിമിഷം ഈര്‍ഷ്യ മറച്ച് കുനിഞ്ഞു പോയ അയാളുടെ മുഖം മൃദുവായി പിടിച്ചുയര്‍ത്തി ഒരു നെടുവീര്‍പ്പോടെ അവള്‍ പറഞ്ഞു.
            "സാരമില്ലന്നേ, ഇതൊക്കെയാണ് ജീവിതം. സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നമുക്ക് ജ്ഞാനദൃഷ്ടിയൊന്നുമില്ലല്ലോ! ഞാനും ഇത്തരം സന്നിഗ്ദ്ധതകളെ അഭിമുഖീകരിച്ചിട്ടുണ്ട്. നോക്കൂ..., ഇപ്പോള്‍ എനിക്കെന്ത് ആശ്വാസമായെന്നോ? നമ്മളെ ഇണക്കി ചേര്‍ത്ത വിധിയുടെ വിളയാട്ടം എത്ര കൗതുകകരം!"
            അയാള്‍ ഇപ്പോഴാണ് തീര്‍ത്തും വിഷമസന്ധിയിലായത്. തന്‍റെ ജീവിതപങ്കാളി ഒരു സാധ്വിയാണോ തത്ത്വികയാണോ അതോ തനിക്കുലഭിച്ച മഹാഭാഗ്യമാണോ എന്നൊക്കെ സംശയിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ തന്‍റെ മോതിരവിരലുകള്‍ കൊണ്ട് തലയിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. രണ്ടു പ്ലാസ്റ്റിക്‌ ക്ലിപ്പുകള്‍ സ്വതന്ത്രമാവുന്നതിന്‍റെ കിരുകിര ശബ്ദം. വാടിയ മുല്ലപൂക്കള്‍ക്കൊപ്പം അയാളുടെ കാല്‍ക്കലേക്ക് അടര്‍ന്നു വീണു, അതുവരെ അവളെ സുന്ദരിയാക്കിയിരുന്ന സമൃദ്ധമായ കാല്‍കൂന്തല്‍. വരണ്ടുണങ്ങിയ ഒരു തരിശുനിലം അവളുടെ ശിരസ്സില്‍ തിളങ്ങുന്നത് കണ്ട് അയാള്‍ വിയര്‍ത്തൊഴുകി.
             "കുഞ്ഞുനാളിലേ തുടങ്ങിയതാ മുടികൊഴിച്ചില്‍. ഇനി ഒരു ചികിത്സയും ബാക്കിയില്ല. ഒടുവില്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്, വിവാഹശേഷം മുടി കിളിര്‍ക്കാമെന്ന്. ഓ എന്തെങ്കിലുമാകട്ടെ, ലൈറ്റണക്കട്ടെ ?"
             ഇരുട്ടിലേക്കയാള്‍ എപ്പോഴോ കെട്ട് പോയിരുന്നു. 

***********************

AddThis